Friday, August 29, 2014

ന്യൂദല്‍ഹി: രാജ്യത്ത് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് കോടിയിലധികം വരുന്ന അശ്ലീല സൈറ്റുകളില്‍ ഒരെണ്ണം നിരോധിക്കുമ്പോളേക്കും പുതിയതായി മറ്റൊരെണ്ണം നിലവില്‍ വരുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനം തടയാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ലെന്ന് സുപ്രീംകോടതി ആരോപിച്ചിരുന്നു. കുട്ടികളെ ഉപയോഗിച്ചെടുക്കുന്ന അശ്ലീല വീഡിയോകളും പോണ്‍ സൈറ്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി.
പല വെബ്‌സൈറ്റുകളുടെയും ഇന്റര്‍നെറ്റ് സെര്‍വര്‍ വിദേശത്തായതിനാല്‍ അവ നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി. അശ്ലീലസൈറ്റുകളുടെ നിരോധനത്തെക്കുറിച്ച് പഠനം നടത്താന്‍ അധ്യക്ഷ സമിതിക്ക് രൂപം നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
നിയമവും സാങ്കേതികവിദ്യയും ഭരണകൂടവും ഒരുമിച്ചാല്‍ മാത്രമാണ് അശ്ലീലസൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ പറഞ്ഞു. ആറാഴ്ചയ്ക്കു ശേഷം കേസില്‍ വാദം തുടരും.
പോണ്‍ സൈറ്റുകളുടെ അതിപ്രസരമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നിലെന്ന് ഹരജി ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെ അസ്ലീല സൈറ്റുകല്‍ നിയന്ത്രിക്കാനാവില്ലെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

No comments:

Post a Comment